ന്യൂഡൽഹി: രേഖകളില്ലാതെ ഇന്ത്യയിൽ കഴിയുന്ന 2,860 പേരുടെ പൗരത്വം വേഗത്തിൽ സ്ഥിരീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ബംഗ്ലാദേശ് അധികൃതരോട് ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖകളില്ലാത്ത ഇവരിൽ 400 ഓളം പേരെ നിലവിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. പൗരത്വം സംശയിക്കുന്നവരുടെ വിവരങ്ങൾ പരിശോധിക്കാൻ ധാക്കയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, ബംഗ്ലാദേശ് ഭാഗത്തുനിന്നും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തിൽ തന്നെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ ഉന്നയിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാർ ഇതുസംബന്ധിച്ച് പലതവണ ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തി രക്ഷാസേനകളുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള ‘കോർഡിനേറ്റഡ് ബോർഡർ മാനേജ്മെന്റ് പ്ലാൻ’ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ നിർദ്ദേശങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ബംഗ്ലാദേശ് തയ്യാറായിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പശ്ചിമ ബംഗാൾ അതിർത്തിയിലെ നാലിടങ്ങളിൽ നിലനിന്നിരുന്ന കുടിയേറ്റ തർക്കങ്ങൾക്ക് അതിർത്തി സുരക്ഷാ സേനയും (ബി.എസ്.എഫ്) ബോർഡർ ഗാർഡ് ബംഗ്ലാദേശും (ബി.ജി.ബി) തമ്മിൽ നടത്തിയ ചർച്ചയിലൂടെ പരിഹാരമായി. വെള്ളിയാഴ്ച മുതൽ അതിർത്തിയിലെ ‘സീറോ പോയിന്റിൽ’ കുടുങ്ങിപ്പോയ നാൽപ്പതോളം ബംഗ്ലാദേശ് പൗരന്മാർ ശനിയാഴ്ച പുലർച്ചെയോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങി. ഇന്ത്യ ഇവരെ നിയമവിരുദ്ധമായി നാടുകടത്തുകയാണെന്ന് ആരോപിച്ച് ബി.ജി.ബി സ്വീകരിക്കാൻ വിസമ്മതിച്ചതാണ് തർക്കത്തിന് കാരണമായത്. എന്നാൽ, തങ്ങൾ ബംഗ്ലാദേശുകാരാണെന്ന് ഇവർ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ബി.എസ്.എഫ് പുറത്തുവിട്ടതോടെ നിലപാട് മാറ്റാൻ ബി.ജി.ബി നിർബന്ധിതരാവുകയായിരുന്നു.