ഗുരുവായൂർ: ക്വിക്ക് കൊമേഴ്സ് രംഗത്തെ പ്രമുഖരായ സെപ്റ്റോ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ചയോടെ കമ്പനി പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) സെബിയിൽ ഫയൽ ചെയ്യും. ജൂലൈ മാസത്തോടെ ഐപിഒ വഴി ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏകദേശം 11,000 കോടി രൂപ സമാഹരിക്കാനാണ് ഈ പൊതുവിപണി പ്രവേശനത്തിലൂടെ കമ്പനി പദ്ധതിയിടുന്നത്.
കമ്പനി സ്ഥാപകരായ ആദിത് പാലിച്ചയും കൈവല്യ വോറയും തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിൽക്കുന്നില്ല എന്നതാണ് ഈ ഐപിഒയുടെ പ്രധാന പ്രത്യേകത. കമ്പനിയുടെ ഭാവിയിലുള്ള വിശ്വാസം മുൻനിർത്തിയാണ് ഇരുവരും ഓഹരികൾ നിലനിർത്താൻ തീരുമാനിച്ചത്. നിലവിൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ മത്സരം ശക്തമാണെങ്കിലും, നടപ്പുപാദത്തിൽ കമ്പനിയുടെ നെറ്റ് ഓർഡർ മൂല്യം 10,000 കോടി രൂപ പിന്നിട്ടത് വൻ കരുത്താണ് പകരുന്നത്.
ലാഭക്ഷമത ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സെപ്റ്റോ, പ്രവർത്തനച്ചെലവുകളിൽ ഗണ്യമായ കുറവാണ് വരുത്തിയിരിക്കുന്നത്. ഒരു വർഷം മുൻപ് ഒരു ഓർഡറിന് 200 രൂപയായിരുന്ന ചെലവ് ഇപ്പോൾ 120 രൂപയായി കുറഞ്ഞു. അടുത്ത നാല് മുതൽ അഞ്ച് വരെ പാദങ്ങൾക്കുള്ളിൽ ബിസിനസ് പൂർണ്ണമായും ലാഭകരമായ ‘ബ്രേക്ക്-ഈവൻ’ നിലയിൽ എത്തുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പരമ്പരാഗത നെറ്റ് ഓർഡർ മൂല്യത്തിന് പകരം, കമ്മീഷനുകൾ, സേവന ഫീസ്, പരസ്യ വരുമാനം എന്നിവ ഉൾക്കൊള്ളുന്ന നെറ്റ് റിയലൈസബിൾ വാല്യൂ (എൻആർവി) എന്ന പുതിയ മെട്രിക്കിലാകും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വർഷത്തെ ഏറ്റവും വലിയ പബ്ലിക് ഓഫറുകളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഐപിഒ, ക്വിക്ക് കൊമേഴ്സ് മേഖലയിലെ നിക്ഷേപകർക്ക് പുതിയൊരു മാനദണ്ഡമായിരിക്കും.