തിരുവനന്തപുരം: നഗരത്തിൽ ഗുണ്ടാസംഘം അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയായ തകരപ്പറമ്പ് കുട്ടൻ എന്ന ശ്യാം കുമാർ പിടിയിൽ. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ രാജേഷ്, പ്ലസ് ടു വിദ്യാർത്ഥിയായ മകൻ അഭിനവ് എന്നിവർക്കാണ് കഴിഞ്ഞദിവസം രാത്രി മർദ്ദനമേറ്റത്. ശ്യാം കുമാറിനൊപ്പമുണ്ടായിരുന്ന കൊലക്കേസ് പ്രതി അരുൺ എന്നയാളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ശ്രീകണ്ഠേശ്വരത്തിന് സമീപം താമസിക്കുന്ന രാജേഷും മകനും ട്യൂഷൻ കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. ഇടവഴിയിൽ മാർഗതടസ്സമായി നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ മാറ്റാൻ ആവശ്യപ്പെട്ട് രാജേഷ് ഹോൺ മുഴക്കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ആദ്യം അരുൺ എന്നയാൾ രാജേഷിനെ മർദ്ദിക്കുകയും, പിന്നാലെ ശ്യാം കുമാർ കാറിൽ നിന്ന് ഇറങ്ങി വന്ന് ഹെൽമെറ്റ് ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് കുപ്പിയേറുകയും മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ രാജേഷിന്റെ വീടിന് മുന്നിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ രാജേഷും മകനും നിലവിൽ ചികിത്സയിലാണ്. അതേസമയം, സംഭവം നടന്ന് ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ വഞ്ചിയൂർ പോലീസ് വിമുഖത കാണിച്ചതായി കുടുംബം ആരോപിച്ചു. കേസുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് ചോദിച്ച് എസ്ഐ വിളിച്ച് ഭീഷണിപ്പെടുത്തിയതായും രാജേഷിന്റെ ഭാര്യ വെളിപ്പെടുത്തി. നിലവിൽ പ്രതികളിലൊരാൾ പിടിയിലായെങ്കിലും, ശേഷിക്കുന്ന പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് പോലീസ് സാന്നിധ്യമുണ്ടായിട്ടും പ്രതികൾ രക്ഷപ്പെട്ടത് സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയാണെന്നും ആക്ഷേപമുണ്ട്.