തിരുവനന്തപുരം: പാളയം മാർക്കറ്റിൽ നടന്നുവന്ന ഗുണ്ടാവിളയാട്ടങ്ങൾക്കും അക്രമങ്ങൾക്കും മേയർ വി. വി രാജേഷിന്റെ കർശന ഇടപെടലിലൂടെ അറുതി വന്നതായി പാളയം മർച്ചന്റ് അസോസിയേഷൻ. സന്തോഷിന്റെ നേതൃത്വത്തിൽ വ്യാപാരികളിൽ നിന്ന് നടത്തിയിരുന്ന ഗുണ്ടാപ്പിരിവും ഭീഷണിയും അവസാനിപ്പിക്കാൻ നഗരസഭയുടെ അടിയന്തര നടപടികൾക്ക് സാധിച്ചതായി അസോസിയേഷൻ സെക്രട്ടറി റജാസ് വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സന്തോഷ് നിലവിൽ ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്കറ്റിലെ ഗുണ്ടാപ്പിരിവിനെക്കുറിച്ച് ലഭിച്ച പരാതിയെത്തുടർന്നാണ് മേയറും നഗരസഭയും വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. നഗരസഭ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റ് പരിസരത്ത് അനധികൃതമായി നിർമിച്ചിരുന്ന കെട്ടിടങ്ങൾ നഗരസഭ അധികൃതർ പൊളിച്ച് നീക്കി. ഇവയിൽ പലതും സന്തോഷിന്റെ നേതൃത്വത്തിൽ നിർമിച്ചവയാണെന്ന് കണ്ടെത്തിയിരുന്നു.
പഴയ കണ്ണന്മാറ മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ, വ്യാപാരികൾക്കായി സമീപത്ത് താൽക്കാലികമായി ഒരുക്കിയ സൗകര്യങ്ങളോട് ചേർന്നായിരുന്നു അനധികൃത നിർമാണങ്ങൾ നടത്തിയിരുന്നത്. ഈ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയും കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ദിവസവും പണം പിരിച്ചുമായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. മേയറുടെ നേതൃത്വത്തിൽ നടന്ന നടപടികളോടെ വ്യാപാരികൾ നേരിട്ടിരുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമായെന്നാണ് വിലയിരുത്തൽ.