ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വലിയ കുതിപ്പേകാൻ സാധ്യതയുള്ള സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രംഗത്ത്. അഞ്ചാം തലമുറയിൽപ്പെട്ട അത്യാധുനിക യുദ്ധവിമാനമായ എസ്യു-57 ഇന്ത്യയ്ക്ക് കൈമാറാമെന്ന് റഷ്യ ഔദ്യോഗികമായി അറിയിച്ചു. കേവലം വിമാനങ്ങൾ വിൽക്കുക എന്നതിനപ്പുറം, ഇന്ത്യയുമായി ചേർന്ന് ഇവ നിർമ്മിക്കാനും ഇതിന്റെ അത്യാധുനിക സാങ്കേതികവിദ്യകൾ പൂർണ്ണമായി കൈമാറാനും റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ചൈനയിൽ നിന്ന് അത്യാധുനിക ജെ-35എ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ പാകിസ്താൻ നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ നിർണായക ഓഫർ വരുന്നത്. നിലവിൽ ഇന്ത്യൻ സായുധ സേനയുടെ പക്കൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ലഭ്യമല്ല. ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചെടുക്കുന്ന ‘അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്’ (AMCA) പദ്ധതി പൂർണ്ണമായി പ്രവർത്തനസജ്ജമാകാൻ 2030 വരെ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ഈ ഇടവേള പരിഹരിക്കുന്നതിനായി റഷ്യയുടെ എസ്യു-57, അമേരിക്കയുടെ എഫ്-35 എന്നീ യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ പരിഗണനയിലുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡന്റിന്റെ പുതിയ പ്രസ്താവന ഏറെ ശ്രദ്ധയാകർഷിക്കുന്നത്. അത്യാധുനിക യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാനും, ഇരുരാജ്യങ്ങളും ഒന്നിച്ച് ഇത് വികസിപ്പിച്ചെടുക്കാനും തങ്ങൾക്ക് പൂർണ്ണ സമ്മതമാണെന്നും സാങ്കേതികവിദ്യ കൈമാറുന്നതിൽ യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. വ്യോമപ്രതിരോധ സംവിധാനങ്ങൾ പങ്കുവെക്കുന്ന കാര്യത്തിലും റഷ്യ ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്.