കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) വൻ പ്രതിസന്ധി രൂപപ്പെടുന്നു. പാർട്ടിയിലെ 23 ലോക്സഭാ എംപിമാർ വിമതപക്ഷത്തേക്ക് മാറിയതോടെ തൃണമൂൽ കോൺഗ്രസിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പാർട്ടിയുടെ നിയന്ത്രണം മമത ബാനർജിക്ക് നഷ്ടമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പാർട്ടി പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെയാണ് വിമത വിഭാഗം നീക്കങ്ങൾ നടത്തുന്നത്. സുദീപ് ബന്ദോപാധ്യായ, സൗഗത റോയ് തുടങ്ങിയ മുതിർന്ന നേതാക്കൾ വിമത പക്ഷത്താണെന്നത് മമതയ്ക്ക് വലിയ വെല്ലുവിളിയാണ്. പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും ഇതിനകം തന്നെ വിമത പക്ഷത്തേക്ക് മാറിക്കഴിഞ്ഞു. ബിജെപിയിൽ ചേരുന്നതിന് പകരം പാർട്ടിയുടെ ഔദ്യോഗിക പദവികൾ കൈക്കലാക്കാനാണ് വിമതരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി കാകോലി ഘോഷ് ദസ്തിദാർ ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചകൾ നടത്തിയതായാണ് വിവരം.
പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാർട്ടിയിലെ എല്ലാ കമ്മിറ്റികളെയും പോഷക സംഘടനകളെയും തൃണമൂൽ കോൺഗ്രസ് പിരിച്ചുവിട്ടു. മുതിർന്ന എംഎൽഎ ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിയമിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തമായത്. ചരിത്രത്തിൽ ഇന്നുവരെ കാണാത്തത്ര വലിയ പ്രതിസന്ധിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് ഇപ്പോൾ കടന്നുപോകുന്നത്. വിമത വിഭാഗത്തിന്റെ നീക്കങ്ങൾ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവുകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.