മുംബൈ: പൂനെയിലെ വിപ്രോ ക്യാമ്പസിൽ ജോലി ചെയ്തിരുന്ന യുവതിക്ക് നേരെ മതപരമായ പീഡനം നടന്നതായി പരാതി. വിപ്രോയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്ന യുവതിയാണ് താൻ മാനസിക പീഡനത്തിന് ഇരയായെന്നും മതം മാറാൻ നിർബന്ധിതയായെന്നും കാണിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിൽ താമസിക്കുന്ന മുൻ മാനേജർ ഷാഹിന റഫീഖ് തന്നെ നിരന്തരം മതം മാറാൻ പ്രേരിപ്പിച്ചതായാണ് യുവതിയുടെ ആരോപണം. ഇസ്ലാം മതം സ്വീകരിക്കാനും ഒരു മുസ്ലിം യുവാവിനെ പ്രണയിക്കാനും ഷാഹിന റഫീഖ് സമ്മർദ്ദം ചെലുത്തിയെന്നും, ഇപ്രകാരം ചെയ്താൽ വിദേശത്ത് സ്ഥിരതാമസത്തിന് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. ഈ വിവരങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, പ്രതികാര നടപടികൾ നേരിടേണ്ടി വന്നതോടെ ജോലി രാജിവയ്ക്കാൻ നിർബന്ധിതയാവുകയായിരുന്നു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും പോലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ ഷാഹിന റഫീഖിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ വിശദാംശങ്ങളും പോലീസ് തേടിയിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും വിപ്രോ അധികൃതർ വ്യക്തമാക്കി. അതേസമയം, വിപ്രോയിൽ കോർപ്പറേറ്റ് ജിഹാദ് നടക്കുന്നതായി ആരോപിച്ച് ഹിന്ദു ജനജാഗ്രതാ സമിതി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് സംഘടന ആവശ്യപ്പെട്ടു.