ന്യൂഡൽഹി: രാജ്യത്തിന്റെ ദീർഘദൂര വ്യോമ പ്രതിരോധ ശൃംഖലയ്ക്ക് കൂടുതൽ കരുത്തേകി റഷ്യയിൽ നിന്ന് നാലാമത്തെ എസ്-400 ട്രയംഫ് സ്ക്വാഡ്രൺ ഇന്ത്യയിലെത്തി. ഇന്ത്യൻ പ്രതിരോധ സേനയിൽ ‘സുദർശൻ വ്യോമ പ്രതിരോധ സംവിധാനം’ എന്ന് അറിയപ്പെടുന്ന ഈ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സമുദ്രമാർഗ്ഗം രാജ്യത്ത് എത്തിച്ചേർന്നത്. ഇത് ഉടൻ തന്നെ തന്ത്രപ്രധാനമായ സൈനിക മേഖലയിൽ വിന്യസിക്കും.
2018-ൽ റഷ്യയുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ലഭിക്കേണ്ട അഞ്ച് സ്ക്വാഡ്രനുകളിൽ നാലാമത്തേതാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിനകം ലഭിച്ച മൂന്ന് എസ്-400 സ്ക്വാഡ്രനുകൾ ഇന്ത്യൻ സായുധ സേന രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ വിജയകരമായി വിന്യസിച്ചുകഴിഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ തടസ്സങ്ങൾ ബാക്കിയുള്ള സ്ക്വാഡ്രനുകളുടെ വിതരണത്തെ ബാധിച്ചിരുന്നെങ്കിലും, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അഞ്ചാമത്തെയും അവസാനത്തെയും എസ്-400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, കൂടുതൽ സ്ക്വാഡ്രനുകൾ വാങ്ങുന്നതിനുള്ള അനുമതി പ്രതിരോധ സംഭരണ കൗൺസിൽ ഇതിനകം നൽകിയിട്ടുണ്ട്.
400 കിലോമീറ്റർ വരെ സ്ട്രൈക്ക് റേഞ്ചുള്ള എസ്-400 മിസൈൽ സംവിധാനം ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സുരക്ഷാ കവചമായി മാറിയിരിക്കുകയാണ്. ഒരേസമയം ഒന്നിലധികം ആകാശ ഭീഷണികളെ ട്രാക്ക് ചെയ്യാനും തകർക്കാനും ശേഷിയുള്ള ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യൻ സൈനികർക്ക് റഷ്യ പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. കൂടാതെ, റഷ്യൻ സംവിധാനത്തിന് സമാനമായി ശത്രു ഡ്രോണുകളെയും മിസൈലുകളെയും വെടിവെച്ചിടാൻ ശേഷിയുള്ള തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനായി ‘പ്രൊജക്റ്റ് കുശ’ എന്ന പേരിലുള്ള പദ്ധതിയും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.