തൃശ്ശൂർ: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച പുതിയ സമീപനത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. എയിംസിനായി കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന ഏത് സ്ഥലവും പരിഗണിക്കാൻ തയ്യാറാണെന്ന സംസ്ഥാനത്തിന്റെ നിലപാട് അനുകൂലമായ ചുവടുവെപ്പാണെന്നും, ഇത് കേരളത്തിന്റെ എയിംസ് സാധ്യതകളെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2016-ൽ രാജ്യസഭാംഗമായ കാലം മുതൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് ഒന്നിലധികം സ്ഥലങ്ങളുടെ പട്ടിക സമർപ്പിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച സംസ്ഥാനങ്ങൾക്ക് മാത്രമാണ് പുതിയ പദ്ധതി പ്രകാരം എയിംസ് അനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ വിമാനയാത്രയ്ക്കിടയിൽ നേരിൽ കണ്ടപ്പോഴും ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രം ആവശ്യപ്പെടുന്നതുപോലെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളുടെ പട്ടിക നൽകിയാൽ മാത്രമേ എയിംസ് എന്ന ആവശ്യം ഗൗരവമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. എയിംസ് എന്നത് ഒരു സർക്കാരിന്റെ മാത്രം ആവശ്യമല്ലെന്നും, മറിച്ച് സാധാരണക്കാരായ ജനങ്ങളുടെ വലിയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അത്യാവശ്യം മനസ്സിലാക്കി സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതിൽ സന്തോഷമുണ്ടെന്നും, കേരളത്തിന് എയിംസ് ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.