തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി നടത്തിയ ഐടി മാനേജരെ പോലീസ് പിടികൂടി. ശ്രീകാര്യം അലത്തറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഹരിയാണ ചർക്കി ദാദ്രി സ്വദേശി വിശാൽ (26) ആണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ, ഫ്ലാറ്റിൽ നിന്നും 30 സെന്റീമീറ്റർ വരെ ഉയരമുള്ള 70 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ മാനേജരായി ജോലി നോക്കുന്ന വ്യക്തിയാണ് പ്രതി.
പ്രത്യേക രീതിയിൽ സജ്ജീകരിച്ച ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ജനാലയ്ക്ക് സമീപത്തായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് പുറത്തായത്. മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലും പ്രത്യേകതരം ചെടിച്ചട്ടികളിലുമായിരുന്നു കൃഷി. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കാനും ചമ്മന്തി അരയ്ക്കാനും വേണ്ടിയാണ് ചെടികൾ വളർത്തിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.
പ്രതി ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയോ പണമിടപാടുകളോ നടത്തിയതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം ആവശ്യങ്ങൾക്കായി മാത്രം കൃഷി ചെയ്ത് ഉപയോഗിക്കുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ വിശാലിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.