കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബോട്ട്ലിംഗ് കമ്പനിയായ ഹിന്ദുസ്ഥാൻ കൊക്ക-കോള ഹോൾഡിംഗ്സ് ലിമിറ്റഡ് (എച്ച്സിസിബി) ഓഹരി വിപണിയിലേക്കെത്താൻ ഒരുങ്ങുന്നു. 2027-ഓടെ കമ്പനി ഇന്ത്യയിൽ ഐപിഒ (Initial Public Offering) നടപടികൾ പൂർത്തിയാക്കി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കമ്പനിയുടെ ഇന്ത്യൻ വിപണിയിലെ വളർച്ചയ്ക്കും റീഫ്രാഞ്ചൈസിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനും ഐപിഒ ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
എൻഎസ്ഇ (NSE), ബിഎസ്ഇ (BSE) എന്നീ ഓഹരി വിപണികളിലായിരിക്കും കമ്പനി ലിസ്റ്റ് ചെയ്യുക. ഇതിനായുള്ള പ്രാഥമിക നടപടികൾ കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലിസ്റ്റിംഗ് പ്രക്രിയയിൽ ഉപദേശകരായി പ്രവർത്തിക്കാൻ റോത്ത്സ്ചൈൽഡ് ആൻഡ് കമ്പനിയെ ഇതിനായി നിയോഗിച്ചു കഴിഞ്ഞു. നിലവിൽ ഐപിഒയുടെ വ്യാപ്തി സംബന്ധിച്ച വിവരങ്ങളോ ഓഹരി വിൽപനയുടെ കൃത്യമായ കണക്കുകളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓഫറിംഗ് നടപടികൾക്ക് തൊട്ടുമുമ്പുള്ള ഘട്ടത്തിൽ മൂല്യനിർണ്ണയം, ഓഹരി പങ്കാളിത്ത ഘടന എന്നിവ സംബന്ധിച്ച കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹിന്ദുസ്ഥാൻ കൊക്ക-കോള ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ കൊക്ക-കോള കമ്പനിയുടെ ബോട്ടിലിംഗ്, വിതരണ വിഭാഗമാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2024 ഡിസംബറിൽ തങ്ങളുടെ 40 ശതമാനം ഓഹരികൾ ജൂബിലന്റ് ഭാരതിയ ഗ്രൂപ്പിന് കൈമാറിയിരുന്നു. തംസ് അപ്പ്, സ്പ്രൈറ്റ്, മാസ, മിനിറ്റ് മെയ്ഡ്, കിൻലി, ലിംക തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ നിർമ്മാണവും പാക്കേജിംഗും വിതരണവും നിലവിൽ ഈ പങ്കാളിത്തത്തോടെയാണ് മുന്നോട്ടുപോകുന്നത്. ആഗോളതലത്തിൽ തുടരുന്ന റീഫ്രാഞ്ചൈസിംഗ് പ്രക്രിയയുടെ ഭാഗമായാണ് ഇന്ത്യയിൽ കൂടുതൽ പ്രാദേശിക ബിസിനസ് പങ്കാളിത്തത്തിന് കമ്പനി മുൻഗണന നൽകുന്നത്.