തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. സ്കൂൾ വളപ്പിൽ പ്രവർത്തിച്ചിരുന്ന എസ്എസ്എ ഓഫീസിന്റെ മേൽക്കൂരയുടെ ഭാഗമാണ് നിലംപൊത്തിയത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളായതിനാൽ പകൽ സമയങ്ങളിലായിരുന്നു അപകടമെങ്കിൽ ഗുരുതരമായ സാഹചര്യം ഉണ്ടാകുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിടത്തിന്റെ ബലക്ഷയവും നിലവിലെ സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു. കാലപ്പഴക്കമുള്ള കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എങ്ങനെ ലഭിച്ചുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയുടെ ഭാഗമാകും.
പൈതൃക കെട്ടിടങ്ങളുടെ പട്ടികയിലുള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുൻപ് അനുമതി ലഭിച്ചിരുന്നില്ല എന്നാണ് പ്രാഥമിക വിവരം. ഇതേതുടർന്നാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തടസ്സപ്പെട്ടതെന്നാണ് സൂചന. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുമെന്ന് അധികൃതർ വ്യക്തമാക്കി.