ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഇരുപത്തിയേഴാമത് ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയി കൃഷ്ണ സ്വാമിനാഥൻ ചുമതലയേറ്റു. വിരമിച്ച ദിനേഷ് ത്രിപാഠിയുടെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. നാവികസേനാ മേധാവിയായി ചുമതലയേൽക്കുന്നതിന് മുൻപ് വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി അദ്ദേഹം സേവനമനുഷ്ഠിക്കുകയായിരുന്നു. ചുമതലയേറ്റെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് സൗത്ത് ബ്ലോക്ക് ലോണിൽ കൃഷ്ണ സ്വാമിനാഥന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
സംയുക്ത സേനാ സഹകരണം, ആത്മനിർഭരത, സ്വദേശിവൽക്കരണം എന്നിവയ്ക്കായിരിക്കും തന്റെ കാലാവധിയിൽ മുൻഗണന നൽകുകയെന്ന് ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ അന്തരീക്ഷം സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഏതു സാഹചര്യത്തെയും നേരിടാനുള്ള ഉയർന്ന പ്രവർത്തന സന്നദ്ധത നിലനിർത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് കൂട്ടിച്ചേർത്തു. നാവികസേനാംഗങ്ങളുടെ ക്ഷേമത്തിനും വ്യക്തിഗത-പ്രൊഫഷണൽ വികസനത്തിനുമായിരിക്കും പരമാവധി പ്രാധാന്യം നൽകുകയെന്നും അദ്ദേഹം അറിയിച്ചു.
ഏതാണ്ട് നാല് പതിറ്റാണ്ടോളമായി നാവികസേനയിൽ സേവനമനുഷ്ഠിക്കുന്ന കൃഷ്ണ സ്വാമിനാഥൻ, 1987 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെടുന്നത്. കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ എന്നിവയിൽ വിദഗ്ധനായ അദ്ദേഹം, ഐഎൻഎസ് വിക്രമാദിത്യയുടെ കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാവികസേനയുടെ പരിശീലന ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിലും സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പരമ വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.