ഗുരുവായൂർ: സ്വിഫ്റ്റ്, വാഗൺ ആർ, വെന്യൂ, ക്രെറ്റ തുടങ്ങി രാജ്യത്തെ ജനപ്രിയ കാർ നിർമാതാക്കളുടെ വിവിധ മോഡലുകൾക്ക് വീണ്ടും വില വർധിക്കുന്നു. ഉൽപാദന ചെലവിലും അസംസ്കൃത വസ്തുക്കളുടെ വിലയിലുമുണ്ടായ വർധനയാണ് വാഹനങ്ങളുടെ വില ഉയരാൻ പ്രധാന കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
ഹ്യുണ്ടായി തങ്ങളുടെ വിവിധ മോഡലുകൾക്ക് ഒരു ശതമാനം വരെയാണ് വില വർധിപ്പിക്കുന്നത്. ഈ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച വില വർധന മെയ് മാസത്തിൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. മോഡലുകൾക്കനുസരിച്ച് 12,800 രൂപ വരെയാണ് വർധന പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 10 മോഡലുകൾ വിൽക്കുന്ന ഹ്യുണ്ടായിയുടെ ബേസ് മോഡലായ ഗ്രാൻഡ് ഐ10-ന് 5.55 ലക്ഷം മുതൽ 7.92 ലക്ഷം രൂപ വരെയാണ് നിലവിലെ വില. കമ്പനിയുടെ ഏറ്റവും വിലയേറിയ മോഡലായ ഐയോണിക് 5-ന് 55.70 ലക്ഷം രൂപയാണ് വില.
മാരുതി സുസുക്കിയും ഈ വർഷം രണ്ടാം തവണയാണ് വില വർധന പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകൾക്ക് 30,000 രൂപ വരെ വില ഉയരുമെന്നാണ് വിവരം. നേരത്തെ ഏപ്രിലിൽ 62,000 രൂപ വരെ മാരുതി വില വർധിപ്പിച്ചിരുന്നു. കമ്പനിയുടെ അരീന, നെക്സ എന്നീ വിതരണ ശൃംഖലകളിലൂടെ വിൽക്കുന്ന ആൾട്ടോ കെ10, എസ്പ്രസ്സോ, സെലേറിയോ, വാഗൺആർ, ഈക്കോ, സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, ബ്രെസ്സ, ബലേനോ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ജിംനി തുടങ്ങിയ ജനപ്രിയ മോഡലുകൾക്കെല്ലാം ഈ വില വർധന ബാധകമാകും. ഇതിനുമുമ്പ് രണ്ട് മാസത്തിനിടെ 92,000 രൂപ വരെ മാരുതി വാഹനങ്ങൾക്ക് വില വർധിച്ചിരുന്നു.