കോതമംഗലം: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട യുവതിയെ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസാണ് പിടികൂടിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഇയാളുടെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്.
പട്ടിമറ്റം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. നിതിന്റെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ച സാഹചര്യത്തിൽ, തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. തർക്കത്തിനിടെ നിതിൻ യുവതിയെ മർദിക്കുകയും കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.
മർദനത്തിൽ ബോധരഹിതയായ യുവതി മരിച്ചെന്നു കരുതി, കൈകൾ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം ന്യൂ ബൈപാസിന് സമീപമുള്ള വിജനമായ കുറ്റിക്കാട്ടിൽ നിതിൻ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. പുലർച്ചെയോടെ ബോധം തിരിച്ചുകിട്ടിയ യുവതി അതിസാഹസികമായി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്ഷനിലെത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ്, പ്രതിയെ വേഗത്തിൽ തന്നെ കസ്റ്റഡിയിലെടുത്തു.