പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ശ്രീകൃഷ്ണപുരത്തെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാവും പഞ്ചായത്ത് അംഗവുമായ സുജിത്തിനെതിരെ പോലീസ് കേസെടുത്തു. ശ്രീകൃഷ്ണപുരം പോലീസിലാണ് യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
2025 മാർച്ച് മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ സുജിത്തിന്റെ ചാത്തൻകുന്നിലെ വീട്ടിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് പീഡനം നടന്നതായാണ് യുവതിയുടെ മൊഴി. ജോലി വാഗ്ദാനം നൽകി വിളിച്ചുവരുത്തിയാണ് ഇയാൾ കൃത്യം നടത്തിയത്. വരും ദിവസങ്ങളിൽ പരാതിക്കാരി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകും. ഇതിനുശേഷമായിരിക്കും പ്രതിക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികളിലേക്ക് പോലീസ് കടക്കുക.
സംഭവത്തിന് പിന്നാലെ ശ്രീകൃഷ്ണപുരത്ത് രാഷ്ട്രീയ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുറ്റാരോപിതനായ പഞ്ചായത്ത് അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പിയും യൂത്ത് കോൺഗ്രസും ശ്രീകൃഷ്ണപുരം പഞ്ചായത്തിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വിഷയം വിവാദമായതോടെ പ്രതിരോധത്തിലായ സി.പി.എം നേതൃത്വം സുജിത്തിനെതിരെ അടിയന്തര നടപടി സ്വീകരിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സുജിത്തിനെ സസ്പെൻഡ് ചെയ്തതായി സി.പി.എം നേതൃത്വം വ്യക്തമാക്കി.