ന്യൂഡൽഹി: ഇന്ത്യയുമായുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി മ്യാൻമർ പ്രസിഡന്റ് മിൻ ആങ് ഹ്ലെയ്ങ് അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തി. പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. നിരവധി കാബിനറ്റ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
ബിഹാറിലെ ഗയയിലാണ് പ്രസിഡന്റ് ആദ്യം എത്തിയത്. വിശുദ്ധ ഭൂമിയായ ഗയയിലെ പ്രശസ്തമായ മഹാബോധി ക്ഷേത്രത്തിലും സുജാത ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥന നടത്തി. തുടർന്ന് അദ്ദേഹം രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേക്ക് തിരിക്കും. ഇന്ന് വൈകുന്നേരം വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-മ്യാൻമർ ബിസിനസ് ഫോറത്തിലും പ്രസിഡന്റ് പങ്കാളിയാകും.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മിൻ ആങ് ഹ്ലെയ്ങ് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും നാഗരികവുമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടക്കുക. ഇന്ത്യ-മ്യാൻമർ ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ചയാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ജൂൺ രണ്ടിന് മുംബൈയിലേക്ക് തിരിക്കുന്ന അദ്ദേഹം, അവിടെ വ്യവസായ പ്രമുഖരുമായുള്ള ചർച്ചകളിലും വിവിധ സൈറ്റ് സന്ദർശനങ്ങളിലും പങ്കുചേരും. ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമ പരിഗണന’, ‘ആക്റ്റ് ഈസ്റ്റ്’, ‘മഹാസാഗർ’ എന്നീ നയതന്ത്ര കാഴ്ചപ്പാടുകളിൽ മ്യാൻമർ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.