ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടായ 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നു. ഫ്രാന്‍സിലെ ദസ്സാള്‍ട്ട് ഏവിയേഷനില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ‘ലെറ്റര്‍ ഓഫ് റിക്വസ്റ്റ്’ തയ്യാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഈ ഔദ്യോഗിക രേഖ ഉടന്‍ തന്നെ പാരീസിലേക്ക് അയക്കും. ഈ വര്‍ഷം ആദ്യം ഒപ്പുവെക്കാതിരുന്ന കരാര്‍ ഇതോടെ വീണ്ടും സജീവമാവുകയാണ്.
ഇന്ത്യ വാങ്ങുന്ന 114 വിമാനങ്ങളില്‍ 90 എണ്ണവും ഇന്ത്യയില്‍ വെച്ച് തന്നെ നിര്‍മ്മിക്കണമെന്ന നിബന്ധനയാണ് ‘ലെറ്റര്‍ ഓഫ് റിക്വസ്റ്റില്‍’ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 50 ശതമാനം ഘടകങ്ങളും തദ്ദേശീയമായി ഇന്ത്യയില്‍ ഉത്പാദിപ്പിച്ചവയായിരിക്കണം. ജൂണ്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി അടുത്ത മാസം ആദ്യം വ്യോമസേനാ മേധാവി ഫ്രാന്‍സ് സന്ദര്‍ശിക്കും. വിമാനത്തിന്റെ സവിശേഷതകള്‍, എണ്ണം, നിബന്ധനകള്‍ എന്നിവ അടങ്ങുന്ന ഔദ്യോഗിക ആവശ്യരേഖയ്ക്ക് ഫ്രാന്‍സ് മറുപടിയും വിലയും അറിയിച്ച ശേഷം ഇന്ത്യ അന്തിമമായ ‘റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍’ തയ്യാറാക്കും. ഈ വര്‍ഷാവസാനത്തോടെ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, റഫാല്‍ വിമാനങ്ങളില്‍ ‘അസ്ത്ര’ എയര്‍-ടു-എയര്‍ മിസൈലും ‘ബ്രഹ്മോസ്’ ആന്റി-ഷിപ്പ് മിസൈലും ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുകയാണ്. വിമാനത്തിന്റെ വെപ്പണ്‍ കണ്ട്രോള് സിസ്റ്റത്തിലേക്ക് പ്രവേശനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാണ് കരാര്‍ വൈകാനുള്ള പ്രധാന കാരണം. അതീവ രഹസ്യ സ്വഭാവമുള്ള സോഫ്റ്റ്വെയര് കോഡുകളും അല്‍ഗോരിതങ്ങളും പങ്കുവെക്കുന്നതില്‍ ഫ്രാന്‍സ് നിലനിര്‍ത്തുന്ന ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. ഏകദേശം 40 ബില്യണ്‍ ഡോളര്‍ അഥവാ 3.3 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഈ കരാര്‍ പൂര്‍ത്തിയാകുന്നതോടെ, റഷ്യന്‍ വിമാനങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയുടെ പ്രതിരോധ നയത്തില്‍ വലിയ മാറ്റമുണ്ടാകും. ഉത്പാദന ശേഷിയെ സംബന്ധിച്ച വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കരാര്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് വലിയ കരുത്തേകും.