ന്യൂഡൽഹി: ഇന്ത്യന്‍ മാമ്പഴ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയായി ജപ്പാന് ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത വിലക്ക്. മാമ്പഴ വിപണനത്തിലെ പ്രധാന സീസണായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നിലവില്‍ വന്ന ഈ കര്‍ശന നിയന്ത്രണം കര്‍ഷകരെയും കയറ്റുമതിക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് ജപ്പാനീസ് അധികൃതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ റഹ്മാന്പൂര് ഉള്‍പ്പെടെയുള്ള പ്രധാന ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു. മാമ്പഴങ്ങളിലെ കീടങ്ങളെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന അണുനശീകരണ പ്രക്രിയകളില്‍ ഗുരുതരമായ ക്രമക്കേടുകളും നിലവാരത്തകര്‍ച്ചയും കണ്ടെത്തിയതാണ് നടപടിക്ക് കാരണം. ജപ്പാന്റെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളുമായി ഒത്തുപോകാന്‍ ഈ പ്ലാന്റുകള്‍ക്ക് കഴിഞ്ഞില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, 2026 മാര്‍ച്ച് 25-നോ അതിനുശേഷമോ ഇന്ത്യ നല്കിയ ഇന്സ്പെക്ഷന് സര്‍ട്ടിഫിക്കറ്റുകളുള്ള മാമ്പഴ ശേഖരങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന് ഔദ്യോഗികമായി അറിയിച്ചു.
2025-ല്‍ മാത്രം 1.54 മില്യണ്‍ ഡോളറിന്റെ മാമ്പഴമാണ് ജപ്പാന് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. അല്‍ഫോന്‍സോ, ബംഗനപ്പള്ളി, ഗുജറാത്തിന്റെ കേസര്‍ മാമ്പഴം എന്നിവയ്ക്ക് വിപണിയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, നിലവിലെ നിരോധനം തായ്ലന്ഡ്, മെക്സിക്കോ, തായ്വാന്, പാക്കിസ്ഥാന്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് ജാപ്പനീസ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ വഴിയൊരുക്കും. 1986-ലും സമാനമായ രീതിയില്‍ ജപ്പാന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2006-ല്‍ നയതന്ത്ര ഇടപെടലുകളിലൂടെയും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഈ വിലക്ക് നീക്കിയ ചരിത്രമാണുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മാമ്പഴത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.