മുംബൈ: എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിലുണ്ടായ കനത്ത തകർച്ച നിക്ഷേപകർക്കിടയിൽ ആശങ്ക പടർത്തുന്നു. ഒറ്റയടിക്ക് 24,000 കോടി രൂപയുടെ വിപണി മൂലധനമാണ് ബാങ്കിന് നഷ്ടമായത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്കിനെതിരെ ഉയർന്നിരിക്കുന്ന പുതിയ സാമ്പത്തിക ക്രമക്കേടുകളാണ് ഓഹരി വിലയിൽ ഇടിവുണ്ടാക്കിയത്. മഹാരാഷ്ട്ര സർക്കാർ ഏജൻസിയായ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷന് (എംഎസ്ആർഡിസി) നൽകിയ പലിശ പേയ്മെന്റുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണ് വിവാദത്തിന് ആധാരം. 2024, 2025 സാമ്പത്തിക വർഷങ്ങളിലായി 45 കോടി രൂപയുടെ അധിക പലിശ നൽകിയതുമായി ബന്ധപ്പെട്ടാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
വിഷയത്തിൽ ബാങ്ക് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. എംഡി രംഗനാഥിന്റെ അധ്യക്ഷതയിലുള്ള ബോർഡ് ഓഫ് ഓഡിറ്റ് കമ്മിറ്റി കഴിഞ്ഞ മാർച്ച് 12-ന് തന്നെ സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് വിവാദങ്ങൾ കൂടുതൽ പുറത്തുവന്നത്. ബാങ്കിന്റെ പ്രവർത്തനരീതിയും ധാർമ്മിക മൂല്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി പാർട്ട് ടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവർത്തി മാർച്ച് 18-ന് രാജിവെച്ചത് നിക്ഷേപകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എംഎസ്ആർഡിസിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാതെ, നാല് പ്രാദേശിക വെണ്ടർമാർ വഴി റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്നിനുള്ള സംഭാവനയായി പണം വകമാറ്റി നൽകിയെന്നാണ് ആരോപണം. ബാങ്ക് സിഇഒ ശശിധർ ജഗദീശന്റെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല ചർച്ചകളിലാണ് ഇത്തരത്തിൽ അധിക പലിശ നൽകാൻ ധാരണയായതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഈ വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രകടനം മോശമായി. ഓഹരി വില 2.27 ശതമാനം ഇടിഞ്ഞ് 761.25 രൂപ നിലവാരത്തിലേക്ക് താഴ്ന്നു. 759.15 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച 11.28 ലക്ഷം കോടി രൂപയായിരുന്ന ബാങ്കിന്റെ വിപണി മൂല്യം 11.7 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നതും വലിയ തിരിച്ചടിയായി. ബാങ്കിങ് ചട്ടങ്ങൾ ലംഘിച്ച് അധിക പലിശ നൽകിയെന്ന ഈ കണ്ടെത്തൽ വരും ദിവസങ്ങളിലും ബാങ്കിന്റെ വിപണി മൂല്യത്തെയും വിശ്വാസ്യതയെയും ബാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.