തിരുവനന്തപുരം: ലോകപ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയും അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടതായും റിപ്പോർട്ട്. ക്ഷേത്രത്തിലെ നിധിശേഖരത്തിൽ നിന്നും സ്വർണ്ണവും വജ്രവും ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ ഇടയ്ക്കിടെ കാണാതാകുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് അടിയന്തര റിപ്പോർട്ട് കൈമാറി. ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളിലുള്ള അതീവ ഗുരുതരമായ പാളിച്ചകളാണ് ഇതിലൂടെ പുറത്തുവരുന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കേണ്ട അമൂല്യ വജ്രാഭരണമായ ‘വൈരനാമം’ അപ്രത്യക്ഷമായതാണ് പ്രധാന വിഷയം. ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ വൈരനാമം ഇതുവരെ തിരികെ എത്തിച്ചിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണ്ണത്തിൽ 78 ഗ്രാമോളം കുറവുള്ളതായും, അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഒരു സ്വർണ്ണവിളക്ക് മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡി.ജി.പി കർശന നിർദേശം നൽകി. നിലവറയ്ക്ക് പുറത്തുള്ള സ്വർണ്ണവും വെള്ളിയും അടിയന്തരമായി അതീവ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നും, ഭക്തർ നൽകുന്ന വഴിപാട് വസ്തുക്കൾ പ്രത്യേക ലോക്കറുകളിൽ സൂക്ഷിച്ച് പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നും, പരിശോധനയ്ക്ക് വിധേയരാകാതെ ആരെയും ക്ഷേത്ര പരിസരത്തേക്ക് പ്രവേശിപ്പിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ അപാകതകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.