കൊച്ചി: ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യാ-പസഫിക് മേഖലയിൽ ഡെലിവറി ചെലവുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നതായി ലോജിസ്റ്റിക്സ് സോഫ്റ്റ്വെയർ കമ്പനിയായ ഫെയറെയുടെ പുതിയ റിപ്പോർട്ട്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് ഡെലിവറി ചെലവിൽ 19 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ഇന്ധന വിതരണത്തിലെ തടസ്സങ്ങളും വിലക്കയറ്റവുമാണ് ഇതിന് പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇന്ധനവിലയിലെ വർദ്ധനവ്, ഉയർന്ന വേതനം, നഗരങ്ങളിലെ ഗതാഗതക്കുരുക്ക് എന്നിവ ഇന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ പ്രവർത്തനച്ചെലവ് ഗണ്യമായി ഉയർത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയിൽ വലിയ ചർച്ചയായ 10-20 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് രീതിയെക്കുറിച്ചും റിപ്പോർട്ട് നിർണ്ണായകമായ കണ്ടെത്തലുകൾ മുന്നോട്ടുവെക്കുന്നു. വേഗതയേക്കാൾ ഉപരിയായി കൃത്യസമയത്ത് സാധനങ്ങൾ ലഭിക്കുന്നതിലെ വിശ്വാസ്യതയ്ക്കാണ് ഉപഭോക്താക്കൾ മുൻഗണന നൽകുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 41 ശതമാനം പേരും ഡെലിവറിയുടെ വേഗതയേക്കാൾ സേവനത്തിന്റെ വിശ്വാസ്യതയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കുന്നു. വേഗതയ്ക്ക് നൽകുന്ന മുൻഗണന ഉപഭോക്താവിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിലേക്ക് മാറ്റേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
ഇന്ത്യൻ നഗരങ്ങളിൽ ഡെലിവറി പരാജയപ്പെടുന്ന നിരക്ക് 20 മുതൽ 30 ശതമാനം വരെയാണെന്നത് കമ്പനികളുടെ ലാഭക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ധനച്ചെലവും തൊഴിൽച്ചെലവും എവിടെയാണ് കൃത്യമായി നഷ്ടപ്പെടുന്നതെന്ന് കണ്ടെത്താൻ പല ഓപ്പറേറ്റർമാർക്കും കഴിയാത്തതാണ് ഇതിന് പ്രധാന കാരണം. പ്രവർത്തനം കൂടുതൽ സുതാര്യമാക്കിയാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കൂ. അതേസമയം, മരുന്നുകൾ, അടിയന്തര ആവശ്യങ്ങൾക്കുള്ള പലചരക്ക് സാധനങ്ങൾ, വലിയ ഇനങ്ങൾ തുടങ്ങിയവയുടെ സമയബന്ധിതമായ ഡെലിവറിക്കായി അധിക തുക നൽകാൻ 60 ശതമാനം ഉപഭോക്താക്കളും തയ്യാറാണ്. തങ്ങളുടെ ഉപഭോക്താക്കൾ പ്രീമിയം സേവനങ്ങൾക്ക് പണം നൽകാൻ സന്നദ്ധരാണെന്ന് 70 ശതമാനം ബിസിനസ് സ്ഥാപനങ്ങളും അഭിപ്രായപ്പെടുന്നു എന്നത് ഈ മേഖലയ്ക്ക് ആശ്വാസകരമാണ്. 500-ഓളം ലോജിസ്റ്റിക് കമ്പനികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.