തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങളിലേക്കുള്ള വഴിയടക്കം തടസ്സപ്പെടുത്തിക്കൊണ്ട് നടത്തിയിരുന്ന കയ്യേറ്റങ്ങൾ കോർപ്പറേഷൻ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. ബുൾഡോസർ ഉപയോഗിച്ചാണ് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ തകർത്ത് മാർക്കറ്റ് പരിസരം വൃത്തിയാക്കിയത്. ഇറച്ചിക്കടകൾ ഉൾപ്പെടെയുള്ളവ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മേയർ വി. വി രാജേഷും സംഘവും പാളയം മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് അനധികൃത നിർമാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോർപ്പറേഷനിലെ ഔദ്യോഗിക രേഖകൾ പരിശോധിച്ച് കയ്യേറ്റം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അടിയന്തര നടപടി സ്വീകരിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രാവിലെ തന്നെ ഓഫീസിലെത്തി നടപടികൾക്ക് നേതൃത്വം നൽകി.
ദീർഘകാലമായി ചില സംഘങ്ങൾ കയ്യൂക്ക് ഉപയോഗിച്ച് മാർക്കറ്റിന്റെ നിയന്ത്രണം കൈക്കലാക്കിയിരുന്നുവെന്ന് മേയർ അറിയിച്ചു. താൽക്കാലികമായി നിർമിച്ച കടകൾ ബിനാമി പേരുകളിൽ ലക്ഷങ്ങൾ വാടക ഈടാക്കി മറിച്ച് നൽകുകയായിരുന്നു. കൂടാതെ, 45 വർഷമായി കച്ചവടക്കാരിൽ നിന്ന് ഗുണ്ടാസംഘങ്ങൾ നടത്തിവന്ന അനധികൃത പണപ്പിരിവും കോർപ്പറേഷൻ അവസാനിപ്പിച്ചു. മുൻ ഭരണസമിതികളുടെ ഒത്താശയോടെയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. അനധികൃത നിർമാണങ്ങൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ സന്ധിയില്ലാത്ത നടപടികൾ തുടരുമെന്നും ഡെപ്യൂട്ടി മേയറുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കുമെന്നും മേയർ വ്യക്തമാക്കി.