കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റുകൾ മമ്മൂട്ടി, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ എൻ രാധാകൃഷ്ണൻ എന്നിവർക്ക് സമ്മാനിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30-ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ ചാൻസലറും ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ പ്രോ-ചാൻസലറും മന്ത്രിയുമായ ആർ ബിന്ദു ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
അതത് മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സർവകലാശാല ബഹുമതികൾ നൽകുന്നത്. മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി ലിറ്റ്) ബിരുദവും, എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്സി) ബിരുദവുമാണ് സമ്മാനിക്കുന്നത്. ചടങ്ങിന് ശേഷം സെനറ്റ് ഹാളിൽ തിരുവിഴ ജയശങ്കറിന്റെ നാദസ്വര കച്ചേരിയും അരങ്ങേറും.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ സംഭാവനകളാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. മൂന്നുതവണ ദേശീയ അവാർഡും അഞ്ചുതവണ സംസ്ഥാന അവാർഡും 12 തവണ ഫിലിംഫെയർ പുരസ്കാരവും നേടിയിട്ടുള്ള മമ്മൂട്ടിയെ പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. നേരത്തെ കേരള, കാലിക്കറ്റ് സർവകലാശാലകളും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.