നെയ്യാറ്റിൻകര: പതിനൊന്നുകാരിയെ സുഹൃത്തുക്കളായ മൂന്നുപേർ ചേർന്ന് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജ് കെ.എം. സുജയാണ് കേസിൽ നിർണ്ണായകവും ശക്തവുമായ വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി നെയ്യാറ്റിൻകര സ്വദേശി അബ്ദുൽ ഗഫൂറിന് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ മരുത്തൂർ സ്വദേശി ഭുവനചന്ദ്രൻ, കടവട്ടാരം സ്വദേശി ഷാജി എന്നിവർക്ക് 20 വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ചുമത്തിയിരിക്കുന്നത്. 2011-ലാണ് നാടിനെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. ട്യൂഷന് പോയ സമയത്ത് രണ്ടാം പ്രതിയായ ഭുവനചന്ദ്രൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, മൂന്നാം പ്രതിയായ ഷാജിയുടെ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലുള്ള ഫാൻസി സ്റ്റോറിൽ വള വാങ്ങാൻ എത്തിയപ്പോഴും കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി.
തുടർച്ചയായ പീഡനങ്ങളെ തുടർന്ന് കുട്ടി കടുത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പിന്നീട് സ്കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് കുട്ടി താൻ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ അധ്യാപകരോട് വെളിപ്പെടുത്തിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നത്തെ നെയ്യാറ്റിൻകര എസ്.എച്ച്.ഒമാരായ ബി.എസ്. സജിമോൻ, എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്. നീണ്ട വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇരയായ പെൺകുട്ടിക്ക് പോക്സോ കോടതിയിലൂടെ അർഹമായ നീതി ലഭിച്ച ആശ്വാസത്തിലാണ് നാട്.