കൊച്ചി: മോഡലിംഗിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിൽ ഉൾപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിലായി. മാവേലിക്കര സ്വദേശി ശ്രീകുമാർ എന്ന ബിലാലിനെയാണ് മരട് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതി സിന്ധു നൽകിയ മൊഴിയുടെയും, ഇരയായ യുവതിയുടെ രഹസ്യ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതിയായ സിന്ധുവുമായി ശ്രീകുമാറിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതികളെ വിദേശത്തേക്ക് കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തിയത് ശ്രീകുമാറും ഭാര്യയും ചേർന്നാണെന്ന ആരോപണവും ശക്തമാണ്. ബിലാലിന്റെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി ഉയർന്നു. എസിപി ഓഫീസിൽ എത്തിച്ച് പ്രാഥമിക മൊഴിയെടുപ്പിന് ശേഷം വൈദ്യപരിശോധനയ്ക്കായി ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ദീർഘകാലമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു. ഇതുവരെ രണ്ട് ഔദ്യോഗിക പരാതികൾ ലഭിച്ചെങ്കിലും, കൂടുതൽ ഇരകൾ ഉണ്ടായേക്കാമെന്ന നിഗമനത്തിൽ പരാതിപ്പെടാനായി പോലീസ് ടോൾ ഫ്രീ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. കേസിൽ സിനിമാ-സീരിയൽ മേഖലയിലുള്ളവർക്ക് ബന്ധമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ദുബായിൽ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും, പരാതിക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.