കൊച്ചി: മോഡലിംഗിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിൽ ഉൾപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശിയായ ശ്രീകുമാർ എന്ന ബിലാലിനെയാണ് മരട് പോലീസ് പിടികൂടിയത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി സിന്ധു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയായ യുവതിയെ സിന്ധുവിന് പരിചയപ്പെടുത്തിയത് ബിലാലും ഭാര്യയും ചേർന്നാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ബിലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിന്ധുവും ബിലാലും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും യുവതികളെ വിദേശത്തേക്ക് കടത്തുന്നതിൽ ബിലാൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു. അറസ്റ്റിന് പിന്നാലെ ബിലാലിനെ എസിപി ഓഫീസിലെത്തിച്ച് പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയാക്കി വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ദീർഘകാലമായി പ്രവർത്തിക്കുന്ന ഈ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇരകളായ കൂടുതൽ പേർക്ക് പരാതിപ്പെടാൻ പോലീസ് പ്രത്യേക ടോൾ ഫ്രീ നമ്പർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ സിന്ധു, അലീന എബ്രഹാം, മഞ്ജിമ എന്നിവരെ കൂടാതെ കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സിനിമാ-സീരിയൽ രംഗത്തുള്ളവർക്ക് കേസിൽ ബന്ധമുണ്ടെന്ന സൂചനകളും പോലീസ് പരിശോധിക്കുന്നുണ്ട്. പരാതിക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയച്ചതടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.