ന്യൂഡല്‍ഹി: ‘യുവാക്കളുടെ, യുവാക്കള്‍ക്ക് വേണ്ടിയുള്ള, യുവാക്കള്‍ നയിക്കുന്ന രാഷ്ട്രീയ മുന്നണി’ എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, അഞ്ജലി ഭരദ്വാജ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് തുടങ്ങിയവര്‍ ഈ പ്രസ്ഥാനവുമായി സഹകരിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അക്കൗണ്ട് തടഞ്ഞുകൊണ്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്.
അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയായ മുപ്പതുകാരന് അഭിജീത് ദിപ്കെയാണ് സിജെപിയുടെ സ്ഥാപകന്‍. നേരത്തെ 2020 മുതല്‍ 2023 വരെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭിജീത്, അമേരിക്കയിലിരുന്നാണ് നിലവില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെത്തുടര്ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളാണ് ഈ സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. കോടതി നടപടിക്കിടെ ചീഫ് ജസ്റ്റിസ് ഉദ്യോഗസ്ഥരെയും യുവാക്കളെയും പാറ്റകളോടും പരാദങ്ങളോടും ഉപമിച്ചു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളില്‍ പ്രകോപിതരായ യുവാക്കളാണ് ഇതൊരു കാമ്പെയ്നായി ഏറ്റെടുത്തത്. ഇന്‍സ്റ്റാഗ്രാമില്‍ ഒന്നരക്കോടിയിലധികം ഫോളോവേഴ്സ് ഈ പ്രസ്ഥാനത്തിനുണ്ടെങ്കിലും, അതില്‍ ഭൂരിഭാഗവും പാകിസ്ഥാന്, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ എസ്.ഡി.പി.ഐ, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ സംഘടനകള്‍ ഈ പ്രസ്ഥാനത്തിന് പിന്നില്‍ പിന്തുണ നല്‍കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്.