ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്ത്രിമാരുമായി നിർണായക കൂടിക്കാഴ്ച നടത്തുന്നു. വൈകിട്ട് അഞ്ചിന് തലസ്ഥാനത്തെ സേവാ തീർത്ഥിലാണ് യോഗം ചേരുന്നത്. മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിനും ഭരണപരമായ കാര്യങ്ങളിൽ നിർദേശങ്ങൾ നൽകുന്നതിനുമായാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ലെങ്കിലും, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച വേദിയായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.
ഈ വർഷത്തെ കേന്ദ്ര മന്ത്രിമാരുടെ കൗൺസിലിന്റെ ആദ്യ യോഗമാണിത്. എല്ലാ കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനമികവ് അവലോകനം ചെയ്യുന്നതിനൊപ്പം, വരും മാസങ്ങളിലെ ഭരണപരമായ മുൻഗണനകളും സർക്കാർ പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ ചർച്ചയാകും. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായുള്ള പരിഷ്കാരങ്ങൾക്കും പുതിയ പദ്ധതികൾക്കും യോഗം കൂടുതൽ ഊന്നൽ നൽകിയേക്കും.
പശ്ചിമേഷ്യൻ സാഹചര്യങ്ങൾ ആഗോളതലത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ, ഊർജം, കൃഷി, വളം, വ്യോമയാനം, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് എന്നീ മേഖലകൾക്ക് യോഗം പ്രത്യേക പരിഗണന നൽകിയേക്കും. അതേസമയം, ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഇന്ധന വിലയിലുണ്ടായ വർധനയും ചർച്ചാവിഷയമാണ്. പൊതുഗതാഗതത്തിനും ഇലക്ട്രിക് വാഹനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന നിർദേശങ്ങൾക്കിടയിലും ഇന്ധന വില വർധന ഡ്രൈവർമാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.