തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നിയമസഭാമന്ദിരത്തിൽ തുടക്കമായി. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ പ്രോടേം സ്പീക്കർ ജി സുധാകരന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ ക്രമീകരിച്ചിരുന്നത്. കളമശ്ശേരിയിൽ നിന്നുള്ള എംഎൽഎയും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ വി ഇ അബ്ദുൾ ഗഫൂർ ആണ് സഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. സഭാനടപടികൾ കൃത്യമായി നിയന്ത്രിക്കുന്നതിനായി മുതിർന്ന അംഗമായ ജി സുധാകരനെയായിരുന്നു നേരത്തെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തത്.
രാഷ്ട്രീയമായ കൗതുകങ്ങളും സൗഹൃദ നിമിഷങ്ങളും നിറഞ്ഞതായിരുന്നു നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സഭയിലെത്തിയ വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ എന്നിവർ സത്യപ്രതിജ്ഞയ്ക്ക് മുൻപായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അഭിവാദ്യം ചെയ്തത് ശ്രദ്ധേയമായി. പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ് തളിപ്പറമ്പിൽ നിന്നുള്ള ടി കെ ഗോവിന്ദൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്. സഭയിൽ 133-ാമത് അംഗമായാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തിയ അദ്ദേഹം പ്രോടേം സ്പീക്കർ ജി സുധാകരനെ അഭിവാദ്യം ചെയ്യുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്തു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസഭയിൽ അംഗമായിരുന്ന ജി സുധാകരൻ, ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുനിന്നാണ് അദ്ദേഹത്തിന്റെ അഭിവാദ്യം സ്വീകരിച്ചത്.
അമ്പലപ്പുഴയിൽ നിന്നും സിപിഎമ്മിനെ എതിർത്ത് സ്വതന്ത്രനായി വിജയിച്ച ജി സുധാകരൻ പ്രോടേം സ്പീക്കറായി സഭ നിയന്ത്രിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ടായിരുന്നു. സഭയിൽ രാഷ്ട്രീയപരമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായ ബന്ധങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു നേതാക്കളുടെ ഇടപെടലുകൾ. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി, തനിക്ക് മുൻപിൽ പിണറായി വിജയനെന്നോ മറ്റൊരാളെന്നോ വിവേചനമില്ലെന്നും എംഎൽഎമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക എന്ന ഉത്തരവാദിത്തമാണ് താൻ നിർവഹിക്കുന്നതെന്നും ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായതോടെ പതിനാറാം കേരള നിയമസഭയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമായി.