ന്യൂഡൽഹി: ഭാരതത്തിന്റെ ചോള സാമ്രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രപരമായ നേട്ടം. ചോള രാജവംശത്തിന്റെ സമുദ്ര പാരമ്പര്യത്തിന്റെയും ഭരണപരമായ കാര്യശേഷിയുടെയും തെളിവുകളായ നാഗൈ (ലൈഡൻ) ചെമ്പ് ഫലകങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ഭാരതീയ സംസ്കാരത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഒരിക്കൽ കൂടി അടിവരയിടുന്നു. അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന് തമിഴ്നാട് നന്ദി അറിയിച്ചു. അണ്ണാമലൈ അദ്ദേഹത്തെ ഫേസ്ബുക്കിൽ അഭിനന്ദിച്ചു.
തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു പുരാവസ്തു കൈമാറ്റം മാത്രമല്ല, ആത്മീയവും ചരിത്രപരവുമായ ഒരു പുനഃസമാഗമം കൂടിയാണ്. തമിഴ് സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകങ്ങളാണ് ഈ ഫലകങ്ങൾ. വിദേശ മണ്ണിൽ നിന്നും ഇവ വീണ്ടെടുത്തത് തമിഴ് ജനതയുടെ വൈകാരികമായ ആവശ്യത്തോടുള്ള ആദരവായി കണക്കാക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി തലമുറകൾക്കായി നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി കാണിക്കുന്ന ഈ താൽപര്യത്തിന് തമിഴ്നാട് ജനതയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.
രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജകീയ മുദ്രയുള്ള 21 ചെമ്പ് ഫലകങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ‘രാജകീയ ചാർട്ടർ’, ചോള കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ കൊത്തിവെച്ചിട്ടുള്ള ഈ ഫലകങ്ങളിൽ ചോള വംശപരമ്പര, ഭരണസംവിധാനം, രാജവംശത്തിന്റെ ഓർമ്മകൾ എന്നിവയെക്കുറിച്ചുള്ള അമൂല്യമായ വിവരങ്ങളുണ്ട്. ചോളർക്ക് ശ്രീവിജയ സാമ്രാജ്യവുമായും (ഇന്നത്തെ ഇന്തോനേഷ്യ ഉൾപ്പെടുന്ന പ്രദേശം) ഇന്ത്യൻ മഹാസമുദ്ര ലോകവുമായും ഉണ്ടായിരുന്ന ബന്ധം ഈ ഫലകങ്ങൾ വെളിപ്പെടുത്തുന്നു.