മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്ന് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്.
ഭോജ്ശാല ഒരു ക്ഷേത്രം മാത്രമല്ല, അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും കേന്ദ്രമാണെന്നും വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കുകയും അവിടെ നമസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കോടതിവിധി സ്വാഗതം ചെയ്ത വിശ്വഹിന്ദു പരിഷത്ത് ഇത് എല്ലാവരും മാനിക്കണമെന്നും ആവശ്യപ്പെട്ടു.
പരമാര രാജവംശത്തിലെ രാജാ ഭോജനാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഭോജ്ശാല നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടുമുതൽ ഡൽഹി സുൽത്താന്മാരുടെ ആക്രമണത്തിൽ ഭോജ്ശാലയ്ക്ക് മാറ്റങ്ങൾ വന്നു. 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് മഹമ്മൂദ് ഷാ ഖിൽജി ഇതിൻ്റെ ഒരു ഭാഗം സൂഫിവര്യനായ കമാൽ മൗലയുടെ പേരിൽ പള്ളിയാക്കി മാറ്റി. 1875-ൽ നടന്ന ഖനനത്തിൽ ലഭിച്ച വാഗ്ദേവിയുടെ വിഗ്രഹം ബ്രിട്ടീഷുകാർ ലണ്ടനിലെ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. ഇത് തിരികെ എത്തിക്കുന്നതിന് കേന്ദ്രസർക്കാർ യുകെ സർക്കാരുമായി ബന്ധപ്പെടണമെന്നാണ് വിശ്വഹിന്ദു പരിഷത്തിൻ്റെ ആവശ്യം. വാഗ്ദേവി വിഗ്രഹം കേവലം മ്യൂസിയത്തിലെ സന്ദർശകർക്ക് കാണാനുള്ളതല്ലെന്നും പ്രത്യക്ഷ പ്രാണപ്രതിഷ്ഠാ ദേവരൂപമാണെന്നും അത് തിരികെ എത്തിച്ച് പുനഃപ്രതിഷ്ഠ നടത്തണമെന്നും അലോക് കുമാർ ആവശ്യപ്പെട്ടു.