കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിർണായക തീരുമാനം എടുത്തു. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുൻ തൃണമൂൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു. ഇതോടെ അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകൾ അസാധുവാകും.
2024 മെയ് 22-നായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ ഇടത് മുന്നണി സർക്കാരും പിന്നീട് വന്ന തൃണമൂൽ സർക്കാരുമാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സർവേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നൽകിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മമത ബാനർജി സർക്കാർ നൽകിയ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കുനാൽ മിമാനി സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി വിധി അംഗീകരിക്കുന്നുവെന്ന നിലപാടാണ് പുതിയ സർക്കാർ ഇതിലൂടെ വ്യക്തമാക്കുന്നത്. ഹർജി പിൻവലിക്കുന്നതിനൊപ്പം 2011 മുതൽ സംസ്ഥാനത്ത് വിതരണം ചെയ്ത മുഴുവൻ എസ്സി, എസ്ടി, ഒബിസി സർട്ടിഫിക്കറ്റുകളും പുനഃപരിശോധിക്കാൻ പിന്നാക്ക ക്ഷേമ വകുപ്പ് ഉത്തരവിട്ടു. ഏകദേശം 1.69 കോടി രേഖകളാണ് ഇത്തരത്തിൽ പരിശോധിക്കുക. ഇതിൽ തൃണമൂൽ സർക്കാരിന്റെ ‘ദുആരെ സർക്കാർ’ പദ്ധതി വഴി വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളും ഉൾപ്പെടും. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും പുതിയ സർക്കാരിന്റേത് ശരിയായ നടപടിയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തപസ് റോയ് പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കാനാണ് ഈ നീക്കമെന്ന് ബിജെപി അവകാശപ്പെട്ടു. ശരിയായ രീതിയിൽ സർവേ നടത്തി അർഹരായവർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ ഒബിസി പട്ടിക തയ്യാറാക്കുമെന്നും സർക്കാർ സൂചിപ്പിച്ചു.