ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ രംഗത്ത്. ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നൽകുന്ന രാജ്യങ്ങൾ സ്വന്തം വിശ്വാസ്യതയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള സൽപേരിനെക്കുറിച്ചും ചിന്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്താന് ചൈന സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമത്തിലൂടെ വെളിപ്പെടുത്തൽ ഉണ്ടായി. ചൈനീസ് ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനിലെ മുതിർന്ന എഞ്ചിനീയറാണ് ഈ വിവരം പുറത്തുവിട്ടത്. ഇതിനോടാണ് ഇന്ത്യ ഇപ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നത് ഒരു ഉത്തരവാദിത്തമുള്ള രാജ്യത്തിന് ചേർന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നിയന്ത്രിത സൈനിക നീക്കമായിരുന്നു ഇത്. പാക് ഭരണകൂടം ഭീകരർക്ക് നൽകുന്ന പിന്തുണ തകർക്കുകയായിരുന്നു ലക്ഷ്യം. വൻശക്തികൾ ആർക്കൊപ്പമാണ് കൈകോർക്കുന്നത് എന്ന് ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നവരുടെ കൂട്ടുപിടിക്കുന്നത് ചൈനയുടെ അന്താരാഷ്ട്ര നിലപാടുകളെ ബാധിക്കുമെന്ന് അവർ തിരിച്ചറിയണം എന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചൈനയും പാകിസ്ഥാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.