ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആകാംക്ഷകൾക്ക് ഇന്ന് വിരാമമാകും. കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് വൈകുന്നേരം 7 മണിക്ക് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രഖ്യാപനം വൈകിയാൽ പാർട്ടിക്കുള്ളിലും മുന്നണിയിലും അതൃപ്തി വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ തീരുമാനം വേഗത്തിലാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. മുഖ്യമന്ത്രി പദവിയിലേക്ക് ഹൈക്കമാൻഡ് ആരെ തിരഞ്ഞെടുക്കുമെന്നതിൽ ഈ മൂന്ന് നേതാക്കളും വലിയ പ്രതീക്ഷയിലാണ്. ഇതിനു മുന്നോടിയായി കേരളത്തിലെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്മാരുമായും വർക്കിംഗ് പ്രസിഡന്റുമാരുമായും കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തും.
കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. സംസ്ഥാനത്തെ നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് രഹസ്യ നിരീക്ഷകരെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.