ലഹോർ: പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ താരങ്ങൾ തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടാനൊരുങ്ങിയ സംഭവം ഉണ്ടായി. ഇസ്ലാമാബാദ് യുണൈറ്റഡും റാവൽപിണ്ടിയും തമ്മിലുള്ള മത്സരത്തിനിടെ പാക് താരങ്ങളായ മുഹമ്മദ് ആമിറും ഫഹീം അഷ്റഫും തമ്മിലാണ് രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെട്ടത്. ഔട്ടായതിന് പിന്നാലെ നടന്ന ഈ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
ഇസ്ലാമാബാദ് ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് സംഭവം നടന്നത്. പേസർ മുഹമ്മദ് ആമിർ എറിഞ്ഞ പന്തിൽ ഷോട്ടിന് ശ്രമിച്ച ഫഹീം അഷ്റഫിന് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പർ കൈപ്പിടിയിലൊതുക്കിയതോടെ അമ്പയർ ഔട്ട് നൽകി. എന്നാൽ അമ്പയറുടെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഫഹീം ക്രീസ് വിടാൻ മടിച്ചുനിന്നു. ഇതോടെ പുറത്തേക്ക് പോകാൻ ആമിർ ആംഗ്യം കാണിച്ചത് രംഗം വഷളാക്കി.
തുടർന്ന് ആമിറിന്റെ പ്രതികരണത്തിൽ പ്രകോപിതനായ ഫഹീം അഷ്റഫ്, താരത്തിന് നേരെ ബാറ്റ് ചൂണ്ടി അടുത്തേക്ക് ചെന്നു. ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. സഹതാരങ്ങൾ ഓടിയെത്തി ഇരുവരേയും പിടിച്ചുമാറ്റിയതിനാലാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവായത്. കടുത്ത അതൃപ്തിയോടെയാണ് ഫഹീം ഡഗൗട്ടിലേക്ക് മടങ്ങിയത്. ഈ മത്സരത്തിൽ ഇസ്ലാമാബാദ് യുണൈറ്റഡ് 137 റൺസിന് ഓൾഔട്ടായി.