തൃശൂർ: കെഎസ്യു തൃശൂർ ജില്ലാ കമ്മിറ്റിയിലെ തർക്കങ്ങളും ചേരിപ്പോരും രൂക്ഷമാകുന്നു. കെഎസ്യു ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ടിന് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ഗോകുൽ രംഗത്തെത്തി. ജില്ലാ കമ്മിറ്റിയുടെ പരിപാടികളിൽ പങ്കെടുത്താൽ കാല് വെട്ടുമെന്നും ജീവനോടെ വെക്കില്ലെന്നും ഗോകുൽ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. അതീവ മോശമായ ഭാഷാപ്രയോഗങ്ങളാണ് ഓഡിയോയിൽ ഉടനീളമുള്ളത്.
ജില്ലയിലെ പുതിയ ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പരസ്യമായ ഭീഷണിയിലേക്ക് വഴിമാറിയത്. നിർദ്ദിഷ്ട പട്ടികയിൽ തനിക്കും ചില ആളുകളുടെ പേരുകൾ നിർദ്ദേശിക്കാനുണ്ടെന്ന് വിഷ്ണു വ്യക്തമാക്കിയതാണ് ഗോകുലിനെ പ്രകോപിപ്പിച്ചത്. തൃശൂരിലെ പരിപാടികളിൽ ഇനി ഇടപെടാൻ വന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
വിഷയത്തിൽ കെഎസ്യു ജില്ലാ സെക്രട്ടറി വിഷ്ണു ഡിസിസി പ്രസിഡൻ്റിനും കെഎസ്യു സംസ്ഥാന നേതൃത്വത്തിനും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാൾ സഹപ്രവർത്തകനോട് ഇത്രയും തരംതാണ രീതിയിൽ പെരുമാറിയത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ ഓഡിയോ സന്ദേശം പുറത്തുവന്നതോടെ കെഎസ്യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതൃത്വങ്ങളിൽ കടുത്ത ആഭ്യന്തര കലഹം ഉടലെടുത്തിട്ടുണ്ട്.