വടകര: രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിവാദമായ സ്ക്രീൻഷോട്ട് നിർമിച്ചതിലും അത് പ്രചരിപ്പിച്ചതിലും ജിതിന് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
വടകര റൂറൽ എസ്.പി ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇയാളെ നേരത്തെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, വിവാദ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാൻ ജിതിന് സാധിച്ചില്ല. ഇതോടെ കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കേസിലെ നിർണായക തെളിവുകളിലൊന്നായ ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിൻമാരിൽ ഒരാളാണ് ജിതിൻ ഭാസ്കർ. കേസിൽ നേരത്തെ ആരോപണവിധേയരായ റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ സൈബർ പരിശോധനയാണ് അന്വേഷണത്തെ ജിതിനിലേക്ക് എത്തിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരെ വർഗീയ പരാമർശങ്ങൾ അടങ്ങിയ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദമായ അന്വേഷണമാണ് ഇപ്പോൾ ഡി.വൈ.എഫ്.ഐ നേതാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ജിതിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.