വടകര: രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. വിവാദമായ സ്ക്രീൻഷോട്ട് നിർമിച്ചതിലും അത് പ്രചരിപ്പിച്ചതിലും ജിതിന് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
വടകര റൂറൽ എസ്പി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി നേരത്തെയും ജിതിൻ ഭാസ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ, വിവാദ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം വ്യക്തമാക്കാൻ ഇയാൾക്ക് സാധിച്ചിരുന്നില്ല. ഇതോടെ കുറ്റകൃത്യത്തിൽ ജിതിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
കേസിലെ നിർണായക തെളിവായ ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളാണ് ജിതിൻ ഭാസ്കർ. കേസിൽ നേരത്തെ ആരോപണവിധേയരായ റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർ, വിവാദ സ്ക്രീൻഷോട്ട് തങ്ങൾക്ക് ലഭിച്ചത് ഈ ഗ്രൂപ്പിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സൈബർ പരിശോധനയിലാണ് ജിതിൻ ഭാസ്കറിലേക്ക് അന്വേഷണം എത്തിയത്. ഗ്രൂപ്പിൽ ഈ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ജിതിനാണെന്നും, ഇയാൾ തന്നെയാണ് ഇത് നിർമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് തുടങ്ങിയ കേസ്, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ജിതിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.