കട്ടപ്പന: ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശി മാരി (35) ആണ് ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ മരണപ്പെട്ടത്. മകളെ സ്കൂൾ ബസിൽ കയറ്റിവിടാനായി റോഡിലേക്ക് എത്തിയതായിരുന്നു മാരി. ഈ സമയം മാരിക്കൊപ്പമുണ്ടായിരുന്ന മകനും കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ മേഖലയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് കാരണം തൊട്ടുമുന്നിൽ കാട്ടാന നിൽക്കുന്നത് തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. വന്യമൃഗശല്യം അതീവ രൂക്ഷമായ സൂര്യനെല്ലിയിൽ കാട്ടാനകൾ സ്ഥിരമായി ഇറങ്ങാറുള്ള പാതയിലാണ് ദാരുണ സംഭവം നടന്നത്.
സംസ്ഥാനത്ത് മലയോര മേഖലകളിലുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തുടർച്ചയാവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം വിവിധ ഭാഗങ്ങളിലായി കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു. വനാതിർത്തികളിൽ താമസിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും ജീവനും സ്വത്തിനും കനത്ത ഭീഷണിയുയരുന്ന സാഹചര്യത്തിൽ, വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാരോപിച്ച് പ്രദേശവാസികൾക്കിടയിൽ കടുത്ത ജനരോഷം ഉയരുകയാണ്.