ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷമായ വിമർശനം. കർണാടകയിൽ വെച്ച് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്കും നിയമലംഘന ആരോപണങ്ങൾക്കും തുടക്കമായത്. നിയമവിരുദ്ധമായ ഈ പ്രവൃത്തിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.
കഴിഞ്ഞയാഴ്ച കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങവെയാണ് സംഭവം. വാഹനം ഓടിച്ചിരുന്ന വിജയ് സീറ്റ് ബെൽറ്റ് ധരിക്കാൻ തയ്യാറായില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരാധകർ ‘ദളപതിയുടെ സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനിടെ, കാറിലുണ്ടായിരുന്ന പ്ലാസ്റ്റിക് ടംബ്ലറും പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്ന രീതിയിൽ ചർച്ചയായിട്ടുണ്ട്.
വിവാദം ശക്തമായതോടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ പാർട്ടി നേതൃത്വം അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ്. വീഡിയോ പോസ്റ്റ് ചെയ്ത പ്രതിപക്ഷ കക്ഷികളുടെയും വിമർശകരുടെയും അക്കൗണ്ടുകൾ പകർപ്പവകാശ നിയമത്തിന്റെ മറവിൽ പൂട്ടിക്കാൻ നീക്കങ്ങൾ നടക്കുന്നതായി ആക്ഷേപമുണ്ട്. എന്നാൽ, മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്ന ഒരാൾ പരസ്യമായി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് എന്തിനാണെന്നും, വിമർശനങ്ങളെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിക്കഴിഞ്ഞു.