കൊച്ചി: സിഎംആർഎൽ (CMRL) സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ ഉൾപ്പെട്ട യുഡിഎഫ് നേതാക്കളെയും സിഎംആർഎൽ ഡയറിയിൽ ചുരുക്കപ്പേരുകളിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
സിഎംആർഎല്ലിന്റെ ഓഫീസിലും ശശിധരൻ കർത്തയുടെ വസതിയിലും നടത്തിയ പരിശോധനകളിൽ രാഷ്ട്രീയ നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായക രേഖകൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ ചെലവുകൾ കാണിച്ച് 132 കോടി രൂപയുടെ ഇടപാടുകൾ കമ്പനി നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ 15 വർഷത്തിനിടയിൽ നടന്ന 182 കോടിയുടെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം നീളുകയാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയുടെ മൊഴി തൃപ്തികരമല്ലെന്ന് ഇഡി വിലയിരുത്തുന്നു. ഇതേത്തുടർന്ന് വീണയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിനായി ഉടൻ സമൻസ് അയക്കും. കേസുമായി ബന്ധപ്പെട്ട് വീണയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. ഇതിൽ 1.50 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസിൽ കർശനമായ അന്വേഷണം തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.