തിരുവനന്തപുരം: കേരളത്തിലെ ഇടതു-വലതു മുന്നണികൾ തമ്മിലുള്ള അഴിമതി സംരക്ഷണ കരാറും വോട്ട് ബാങ്ക് രാഷ്ട്രീയവും തുറന്നുകാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മുൻ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കരിമണൽ കമ്പനി എന്തിനാണ് മാസാവർഷം പണം നൽകിയതെന്ന് വ്യക്തമാക്കാതെ, കേന്ദ്ര അന്വേഷണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടാൻ സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സി.എം.ആർ.എൽ (CMRL) കമ്പനിയിൽ നിന്ന് കോൺഗ്രസ് നേതാക്കളും പണം പറ്റിയിട്ടുണ്ടെന്ന വിവരം സി.പി.എമ്മിന് അറിയാമായിരുന്നെങ്കിൽ, കഴിഞ്ഞ പത്ത് വർഷമായി പിണറായി സർക്കാർ എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.
ഇക്കാര്യത്തിൽ പരസ്പരമുള്ള അഴിമതി ഒത്തുതീർപ്പാണോ നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കാൻ ജോൺ ബ്രിട്ടാസ് എം.പി തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മകളുടെ അഴിമതിയിൽ പ്രതിപക്ഷ നേതാക്കൾക്കും പങ്കുണ്ടെന്ന് ആരോപിക്കുന്ന സി.പി.എം, ആ കോൺഗ്രസ് നേതാക്കളുടെ പേരുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. അഴിമതിയില്ലാത്ത ഭരണമാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ നിലപാട് സത്യസന്ധമാണെങ്കിൽ, ആരോപണം ഉയർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ഉടനടി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി അധ്യക്ഷൻ ആവശ്യപ്പെട്ടു.
ദേശീയതയെയും ഇന്ത്യയുടെ സാംസ്കാരിക പ്രതീകങ്ങളെയും അനാദരിക്കുന്ന കാര്യത്തിൽ കോൺഗ്രസും സി.പി.എമ്മും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യതാൽപ്പര്യത്തേക്കാൾ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ തീവ്ര നിലപാടുള്ള സംഘടനകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇരുമുന്നണികളും മത്സരിക്കുന്നത്. നിയമസഭയിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപത്തിന് പകരം ചുരുക്കിയ പതിപ്പ് മാത്രം കേൾപ്പിച്ച നടപടി അത്യന്തം ലജ്ജാകരമാണെന്നും, സ്വന്തം സ്വാതന്ത്ര്യസമര പാരമ്പര്യത്തെപ്പോലും തള്ളിപ്പറഞ്ഞ് തീവ്രവാദ സംഘടനകളുടെ പ്രീതി പിടിച്ചുപറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.