തിരുവനന്തപുരം: സിഎംആർഎല്ലിൽ (CMRL) നിന്നും സേവനത്തിനായാണ് വീണ വിജയൻ പണം കൈപ്പറ്റിയതെന്ന സിപിഎമ്മിന്റെ വാദങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. വിഷയത്തിൽ പാർട്ടി അണികൾ നടത്തുന്ന പ്രതിരോധങ്ങളെ പരിഹസിച്ച് വലിയൊരു വിഭാഗം ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. മകൾക്ക് വേണ്ടി പാർട്ടി പ്രവർത്തകരെ പ്രതിരോധത്തിലാക്കുകയാണെന്നാണ് സൈബറിടങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. അതേസമയം, വീണയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചിട്ടും തെളിവുകൾ ലഭിച്ചില്ലെന്ന അവകാശവാദമാണ് സിപിഎം അനുകൂലികൾ ഉയർത്തുന്നത്.
സിഎംആർഎല്ലിൽ നിന്ന് പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയ്ക്കും മൂന്ന് ലക്ഷം രൂപ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ലഭിച്ചിരുന്നു. കണക്കുകൾ പ്രകാരം പ്രതിവർഷം 96 ലക്ഷം രൂപ വീതം ആകെ 2.78 കോടി രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 2017 ജനുവരി മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലാണ് ഈ പണം കൈമാറ്റം നടന്നത്. 2019-ൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1.72 കോടി രൂപ വീണയ്ക്ക് നൽകിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നടത്തിയ അന്വേഷണത്തിലും ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു.
എക്സാലോജിക്കിന്റെ പ്രധാന വരുമാന മാർഗം സിഎംആർഎൽ മാത്രമാണെന്നത് വലിയ സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സേവനം നൽകിയതായി അവകാശപ്പെടുമ്പോഴും ഇതുസംബന്ധിച്ച കൃത്യമായ രേഖകളോ കരാറുകളോ ഹാജരാക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. എക്സാലോജിക്കിലെ ഐടി ഡെവലപ്പർമാർക്ക് പോലും എന്ത് സേവനമാണ് നൽകിയതെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിൽ നിന്ന് വീണ 50 ലക്ഷം രൂപ വായ്പയായി വാങ്ങുകയും അതിൽ നാല് ലക്ഷം രൂപ മാത്രമാണ് തിരിച്ചടയ്ക്കുകയും ചെയ്തത്. ഈ സാഹചര്യങ്ങൾ വിലയിരുത്തി കമ്പനീസ് ആക്ട് പ്രകാരമുള്ള ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. യാതൊരു സേവനവും നൽകാതെ കമ്പനി നിയമങ്ങൾ ലംഘിച്ചാണ് പണം കൈപ്പറ്റിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.