തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു (40) കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 16 വർഷം കഠിനതടവിനും 24,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്തപക്ഷം രണ്ടര വർഷം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ലഭിച്ചെങ്കിലും അഞ്ച് വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പീഡനത്തിന് ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടി പരിശീലനത്തിനായി എത്തിയത്. പരിശീലനത്തിനിടെ ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനുപുറമെ, നഗ്നചിത്രങ്ങൾ പകർത്താൻ നിർബന്ധിക്കുകയും, വഴങ്ങാത്തതിനെത്തുടർന്ന് ശരിയായ പരിശീലനം നൽകാതിരിക്കുകയും ചെയ്തു. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. തുടർന്ന് 2021-ൽ കുട്ടി മറ്റൊരു സ്ഥാപനത്തിലേക്ക് മാറി.
ഈ കുട്ടിക്ക് പുറമെ, കോച്ചിംഗിനെത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. 2024-ൽ തിരുവനന്തപുരത്ത് നടന്ന ടൂർണമെന്റിനിടെ, ഇരയായ ഒരു പെൺകുട്ടി പ്രതിയെ കണ്ടതിനെത്തുടർന്നുണ്ടായ പ്രതികരണത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ മറ്റ് കുട്ടികളും പരാതിയുമായി രംഗത്തെത്തി. പ്രതിക്കെതിരെ ആകെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തതിൽ നാലെണ്ണത്തിന്റെ വിചാരണയാണ് പൂർത്തിയായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. കന്റോൺമെന്റ് പോലീസ് എസ്.ഐമാരായ ഷെഫിൻ എസ്, നിതിൻ നളൻ എന്നിവർ അന്വേഷണം നടത്തിയ കേസിൽ 14 സാക്ഷികളെയും 25 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.