മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്ന് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്.
ഭോജ്ശാല ഒരു ക്ഷേത്രം മാത്രമല്ല, അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും കേന്ദ്രമാണെന്നും വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കുകയും അവിടെ നമസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കോടതിവിധി എല്ലാവരും മാനിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
പരമാര രാജവംശത്തിലെ രാജാ ഭോജനാണ് 11-ാം നൂറ്റാണ്ടിൽ ഭോജ്ശാല നിർമ്മിച്ചത്. 13-ാം നൂറ്റാണ്ട് മുതൽ ഡൽഹി സുൽത്താൻമാരുടെ ആക്രമണത്തിൽ ഭോജ്ശാലയ്ക്ക് മാറ്റങ്ങൾ വന്നു. 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം ഭോജ്ശാലയിൽ നാശനഷ്ടങ്ങൾ വരുത്തി. 15-ാം നൂറ്റാണ്ടിൽ മഹമ്മൂദ് ഷാ ഖിൽജി ഭോജ്ശാലയുടെ ഒരു ഭാഗം സൂഫിവര്യനായ കമാൽ മൗലയുടെ പേരിൽ പള്ളിയാക്കി മാറ്റി. 1875-ൽ നടന്ന ഖനനത്തിൽ ലഭിച്ച വാഗ്ദേവിയുടെ വിഗ്രഹം ബ്രിട്ടീഷുകാർ ലണ്ടനിലെ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. ഇത് തിരികെ എത്തിക്കണമെന്നും ഇതിനായി കേന്ദ്രസർക്കാർ യുകെ സർക്കാരിനെ സമീപിക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്തിൻ്റെ നിലപാട്.