വാഗമൺ: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നുകളിൽ 25 ഏക്കറോളം ഭൂമി ഭൂമാഫിയ കയ്യേറിയതായി വ്യാപക ആക്ഷേപം. 2012-ൽ സർക്കാർ ഏറ്റെടുത്തതും ഏകദേശം 80 കോടി രൂപ വിലമതിക്കുന്നതുമായ ഭൂമിയാണ് നിലവിൽ കയ്യേറ്റക്കാരുടെ നിയന്ത്രണത്തിലുള്ളത്. ടൂറിസം മേഖലയുടെ സൗന്ദര്യം നശിപ്പിക്കുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ ഇവിടെ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പട്ടയ വിതരണത്തിന് വിലക്കുണ്ടായിരുന്ന 2001-ൽ നാല് പ്രവാസി വ്യവസായികൾക്ക് ഈ ഭൂമിക്ക് നിയമവിരുദ്ധമായി പട്ടയം അനുവദിക്കുകയായിരുന്നു. ‘അമേരിക്കൻ പട്ടയം’ എന്ന് വിളിപ്പേരുള്ള ഈ നടപടിയിലൂടെ, മൊട്ടക്കുന്നുകൾക്ക് പട്ടയം നൽകാൻ പാടില്ലെന്ന വ്യവസ്ഥയടക്കമുള്ള നിയമങ്ങൾ അട്ടിമറിച്ചാണ് അന്ന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തത്. തുടർന്ന് 2012-ൽ കയ്യേറ്റമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് റവന്യൂ വകുപ്പ് 150 ഏക്കറോളം ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
ഈ ഭൂമിയിൽ സർക്കാർ സ്ഥാപിച്ചിരുന്ന ബോർഡ് പിഴുതുമാറ്റി 25 ഏക്കറോളം സ്ഥലത്ത് കയ്യേറ്റക്കാർ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് വിവരം. കയ്യേറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടും റവന്യൂ വകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൈക്കലാക്കിയ ഭൂമി റിസോർട്ട് മാഫിയയ്ക്ക് മുറിച്ചുവിൽക്കാനുള്ള നീക്കമാണ് പിന്നിലെന്നും ഇതിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.