മൂവാറ്റുപുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വായിൽ തുണി തിരുകിക്കെട്ടി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഹോം നേഴ്സും സുഹൃത്തും പോലീസ് പിടിയിലായി. മധുര സ്വദേശി സുധശങ്കർ, ദിണ്ടിഗൽ സ്വദേശി ലക്ഷ്മി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മാറാടി മഞ്ചേരിപടി സ്വദേശിനിയായ 89 വയസ്സുകാരി മറിയാമ്മയുടെ സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണം പോലീസ് പൂർണമായും വീണ്ടെടുത്തു.
കഴിഞ്ഞ മെയ് 24-നായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കവർച്ച നടന്നത്. മറിയാമ്മയെ അക്രമിച്ച് വായിൽ തുണി തിരുകിയ ശേഷം കൈകളിൽ അണിഞ്ഞിരുന്ന അഞ്ച് സ്വർണവളകൾ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഹോം നേഴ്സായ സുധശങ്കർ ആസൂത്രിതമായ നീക്കങ്ങൾ നടത്തിയിരുന്നു. അജ്ഞാതരായ ആരോ വീട്ടിലെത്തി തന്നെ കെട്ടിയിട്ട് മുറിയിൽ തള്ളിയ ശേഷമാണ് മോഷണം നടത്തിയതെന്നായിരുന്നു ഇയാൾ പോലീസിന് നൽകിയ പ്രാഥമിക മൊഴി.
എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ഹോം നേഴ്സിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പോലീസിന് അസ്വാഭാവികമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കവർച്ചാ നാടകത്തിന്റെ ചുരുളഴിയുകയും പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. സുധശങ്കർ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം സുഹൃത്തായ ലക്ഷ്മി വീട്ടിലെത്തിയാണ് മോഷണം നടത്തിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.