കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ യുഡിഎഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി വഖഫ് ബോർഡ് ചെയർമാൻ കെ. എസ് ഹംസ രംഗത്തെത്തി. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുനമ്പം വിഷയത്തിൽ ഇതുവരെ ഒരുതരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ പത്ത് മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും, ഒന്നരമാസത്തിലേറെ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന് സർക്കാർ ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും, ഈ വിഷയത്തിൽ വി.ഡി സതീശൻ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കെ. എസ് ഹംസ പറഞ്ഞു. വഖഫ് വിഷയത്തിൽ വിരുദ്ധ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് സാധിക്കില്ലെന്നും, ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുള്ള കക്ഷി എന്ന നിലയിൽ സർക്കാരിന് ലീഗിന്റെ നിലപാടിനെ മറികടക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് തങ്ങളുടെ നിലപാട് പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്നും വഖഫ് ബോർഡ് ചെയർമാൻ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ വകുപ്പ് മന്ത്രിക്കും സമാനമായ അഭിപ്രായമാണുള്ളതെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം ഉൾപ്പെടെയുള്ള ഏകദേശം 400 ഓളം സ്വത്തുക്കൾ ഒരുമിച്ചാണ് വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വഖഫ് ഭൂമി അല്ലെന്ന തരത്തിൽ ഉയരുന്ന വാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും, വസ്തുതാപരമായ കാര്യങ്ങൾ മുൻനിർത്തി മാത്രമേ വിഷയത്തിൽ മുന്നോട്ട് പോകാൻ സാധിക്കൂ എന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.