ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെയും കോൺഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ട് സോണിയ ഗാന്ധി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. റിപ്പോർട്ടുകൾ പ്രകാരം, മമത ബാനർജിയെ കോൺഗ്രസ് ഉപാധ്യക്ഷയാക്കാമെന്നും അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ നാഷണൽ ജനറൽ സെക്രട്ടറി സ്ഥാനം നൽകാമെന്നുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇരുനേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. തൃണമൂൽ കോൺഗ്രസ് പൂർണ്ണമായും കോൺഗ്രസിൽ ലയിക്കണമെന്ന ഉപാധിയാണ് സോണിയ ഗാന്ധി മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, ഈ വാഗ്ദാനങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ മമത ബാനർജി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്ന് മമത വ്യക്തമാക്കിയതായാണ് വിവരം.
കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടെ, മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭാംഗത്വം രാജിവെച്ചത് ശ്രദ്ധേയമായി. കൂടാതെ, തൃണമൂൽ നേതാവ് സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.